Tuesday, June 19, 2012

ഗ്രഫിറ്റി ടണല്‍ :Leake Street


ലണ്ടന്‍ മനോഹരമായ ഒരു നഗരമാണ്. മറ്റേതൊരു സ്ഥലത്തെക്കാളും   -ഒരുപക്ഷേ ബോംബയേക്കാളും  എനിയ്ക്കിഷ്ടമാണു ലണ്ടനെ.മഹാമനുഷ്യജീവിതസാഗരത്തിന്റെ ഒരു കാഴ്ചപ്പുരയാണു ലണ്ടന്‍. എന്തൊക്കെ ജീവിതം. എന്തൊക്കെ തരം  ആള്‍ക്കാര്‍.ഓരോ ദിവസവും  പുതിയതെന്തെങ്കിലും  ലണ്ടന്‍ നമുക്കായി കരുതിയിരിയ്ക്കും.സുന്ദരി. ഇത് ലീക് സ്റ്റ്രീറ്റിലെ റെയില്‍വേ ടണലാണ്. ഒരു പരിശീലന പരിപാടി കഴിഞ്ഞ് വാട്ടര്ലൂ സ്റ്റേഷനില്‍ നിന്ന് നടന്ന് ചെന്നപ്പോ പെട്ടെന്ന് എത്തിപ്പെട്ടത് ഇവിടെയാണ്. ഒരു നിമിഷം  കൊണ്ട് ലണ്ടന്‍ എത്ര മാറി!
 
ബാന്സ്കി ടണലെന്നും  ഇതിനെ പറയും.2008ല്‍  യൂറോസ്റ്റാര്‍ റെയില്വേ കമ്പനി അവരുടെ  ഉടമസ്ഥതയിലുള്ള ടണലില്‍ വരച്ചോളാന്‍ സമ്മതിച്ച് ഗ്രഫിറ്റി ചിത്രകാരന്മാരെ വിളിച്ചു. ബാന്സ്കി ആണ് ആദ്യം  വര തുടങ്ങിയത്. ഇപ്പോള്‍ ബാന്സ്കിയെയൊക്കെ എത്രതവണ മായ്ച്ച്  മുകളില്‍ വരച്ച് തീര്ത്തിരിയ്ക്കുന്നു. ബാന്സ്കിയുടേ എത്ര ചിത്രങ്ങള്‍ പരിണമിച്ച് മറ്റു പലതുമായിരിയ്ക്കുന്നു. ഗ്രഫിറ്റിയുടെ രീതി അതാണ്. ആരും  പവിത്രരോ അസ്പര്ശ്യരോ അല്ല. നിനക്ക് ബാന്സ്കിയുടേ മേലേ വരയ്ക്കണോ? ആവാം. കഥകള്‍ ഒട്ടേറെയുണ്ടെങ്കിലും :)
 ഹിപ് ഹോപ് ഒരു സംസ്കാരമാണ്. ഗ്രഫിറ്റി അതിന്റെ കലയും. എലീറ്റിനു മനസ്സിലാക്കാന്‍ പ്രയാസമുള്ള ഏതൊരു സംസ്കാരത്തേയും  രണ്ട് രീതിയിലാണ് അവര്‍ നേരിടുന്നത്. ചരിത്രപരമായിത്തന്നെ - ഒന്ന് ആക്രമിച്ച് കൊണ്ട്. രണ്ട് ഷോകേസ് ചെയ്തു കൊണ്ട്.വരേണ്യമല്ലാത്ത നമ്മുടേ നാട്ടിലെകലകളിലും  ചരിത്രപരമായി ചിന്തിച്ചാല്‍ ഈ ഷോകേസിങ്ങ് കാണാം. അതൊരു മോശം  കാര്യമെന്ന മട്ടിലല്ല. ഒന്നിലും  മോശവും  ശരിയുമൊന്നുമില്ലല്ലോ. വരേണ്യതയ്ക്ക് മനസ്സിലാവാതെപോവുന്ന ബുദ്ധിപരതയെ പലപ്പോഴും  തമസ്കരിയ്ക്കാനുള്ള എളുപ്പമാര്ഗ്ഗമാണ് ഈ ഷോകേസിങ്ങ് എന്നു പറഞ്ഞെന്നേയുള്ളൂ.
ഭാരതത്തിലെ ആദ്യ ഹിപ് ഹോപ്പുമാരാണ് സന്യാസിമാര്‍ എന്നു ചിലപ്പോള്‍ തോന്നാറുണ്ട്.മഠാധിപതികളല്ല.ചുമ്മാ ഹരിദ്വാറിലും ഋഷികേശിലും ഓച്ചിറയിലും  മറ്റും ചുമ്മാ കുത്തിയിരിക്കുന്ന കഞ്ചന്‍ സാമിമാരില്ലെ അവര്‍. സ്ഥാപനവത്കരിയ്ക്കപ്പെട്ട ഹിപ് ഹോപ്പിന്റെ ഇന്നത്തെ രസം  രസവഹമല്ലേ :)

ജനം  രസിച്ചുതന്നെയാണ് കടന്നുപോകുന്നത്.പനോരമ വളച്ചതാണ്. ടണല്‍ നിവര്‌ന്നുതന്നെയാണ്.
ഒരുപാട് ചിത്രകാരന്മാര്‍ വരയ്ക്കുന്നുമുണ്ട്. ഇത് ആരാണെന്ന് എനിയ്ക്കറിയാം (എന്ന് തോന്നുന്നു) .വരയുടെ രീതികണ്ട് ഊഹിച്ചതാണ്.നിങ്ങള്‍ വരയ്ക്കുന്നതിന്റെ ഒരു ചിത്രം  എടുത്തോട്ടേ എന്ന് ഞാന്‍ ചോദിച്ചു. മുഖത്ത് റെസ്പിറേറ്റര്‍ വച്ചിരുന്നത് മാറ്റി അദ്ദേഹം എന്നെ നോക്കി ചിരിച്ചു. കുശലപ്രശ്നങ്ങള്ക്ക് ശേഷം യൂറോപ്യന്‍ ആക്സന്റ് കലര്‍ന്ന മുറി ആംഗലേയത്തില് പറഞ്ഞു. "എന്റെ മുഖം  എടുക്കരുത്".
ടണലിനു പുറത്തേക്കെങ്ങാനും  തെറിച്ച് വീണാലോ എന്ന് പേടിച്ച് ഗ്രഫിറ്റി മായ്ക്കുവാനുള്ള യന്ത്രങ്ങളുമായി കൂലിക്കാളിനെ നിര്‍ത്തിയിട്ടുണ്ട് അമ്മച്ചീടെ സര്‍ക്കാര്‍. :)

3 comments:

arun bhaskaran said...

ഈ ചിത്രങ്ങളോരോന്നും ഇങ്ങനെ അമച്വര്‍ ചിത്രകാരന്മാര്‍ വരച്ചതാണോ ? അതോ വരപ്പിക്കുന്നതോ

ഹ്രസ്വമെങ്കിലും നന്നായിരിക്കുന്നു കുറിപ്പ്.

arun bhaskaran said...

ട്രാക്കിങ്

Kaaliyambi Kaaliyambi said...

അമേച്വര്‍ ചിത്രകാരന്മാരല്ല അരുണ്‍. ഗ്രഫിറ്റി ഒരു ജീവിതരീതിതന്നെയാണ്. മിക്കവരും നമ്മള്‍ അമേച്വര്‍ എന്ന നിലയിലെടുക്കുന്നപോലെയല്ല ഗ്രഫിറ്റിയെ എടുക്കുന്നത്.തീര്ച്ചയായും അവര്‍ പ്രൊഫഷണല്‍ അല്ല.പക്ഷേ...ഇങ്ങനെയുള്ള ഗ്രഫിറ്റിയൊക്കെ നമ്മുടെ പൊതു സൗന്ദര്യബോധത്തിന് എതിരായതിനാല്‍ മായ്ച്ച് കളയാന്‍ ഗവണ്മെന്റുകള്ക്ക് പ്രത്യേക സംവിധാനങ്ങളുണ്ട്. ഈ തുരങ്കത്തിന്റെ ഉടമസ്ഥരായ യൂറോസ്റ്റാര്‍ എന്ന റെയില്വേ കമ്പനി ആര്ക്കും വന്ന് വരയ്ക്കാന്‍ തുടന്നുകൊടുത്തതാണിത്.ഈ വിക്കീപ്പീഡിയ/മീഡിയ ലേഖനങ്ങള്‍ നോക്കൂ.
http://en.wikipedia.org/wiki/Graffiti

http://en.wikipedia.org/wiki/Ces53

http://www.standard.co.uk/news/tunnel-gives-artists-freedom-to-paint-graffiti-legally-6771378.html

http://news.bbc.co.uk/1/hi/england/london/7377622.stm